Tuesday 15 December 2015

P24 - ഒരു കൊലപാതകം

ഒരു കൊലപാതകം 

സംശയങ്ങൾ മരണപ്പെട്ടിരിക്കുന്നു.
സത്യത്തിൽ അതിനെ കൊലപ്പെടുത്തിയതാണ്.
മൂർച്ചയുള്ള ഒരു വാളിനാൽ 
ആരോ തലയറുത്തിട്ടു.
മനസ്സ് അന്വേഷണം ആരംഭിച്ചു.
സംശയങ്ങൾക്ക് അവിഹിതം
ഉണ്ടായിരുന്നത്രേ...!!
കുറ്റവാളി കീഴടങ്ങിയിരിക്കുന്നു.
ചിന്തകളാണത്രേ കൊന്നത്.
പ്രേരിപ്പിച്ചത് ജീവിതവും.
അവനും അവളും ഇപ്പോൾ,
ഒരുമിച്ചാണു താമസം.

- 23.11.2015

P23 - പ്രണയം

പ്രണയം

ഋതുക്കൾ മാറുന്നു 
വല്ലികളിൽ ഇലകൾ 
തളിരിടുകയും, കൊഴിഞ്ഞു
കൊണ്ടിരികുകയും ചെയ്തു.
ഞെട്ടറ്റ ഭാഗത്ത്
ഒരു മുറിപാട്‌ കൂടി..
വേദനിച്ചത് ചെടിയുടെ 
ആത്മാവ് മാത്രം.

- 30.10.2015

P22 - നടപ്പ്


വയറിന്റെ കനം മാത്രമല്ലാ..,
നെഞ്ചിന്റെ കനം കുറയ്ക്കാനും,
നല്ലതാണ്.

- 18.09.2015

P21 - വെറുപ്പ്


സ്നേഹത്തിന്റെ തുഞ്ചത്ത് 
മൌനം കട്ടപിടിച്ചുണ്ടായ
അസഹനീയമായ വേദന,
വെറുപ്പ്. 

- 12.09.2015

P20 - പൌർണമിക്ക് ആന്പലിനോട് പറയാനുള്ളത്



എന്നും നിന്നെ ഞാൻ കാണാറുണ്ട്,
നീ കാണാതെ പോകാറുണ്ടെങ്കിലും.
എന്നിൽ നിറഞ്ഞു തുളുന്പിയ 
പ്രണയത്തിന്റെ നിറമാണ്
നീ നനഞ്ഞ നിലാവെല്ലാം.
നിന്നിലെ സുഗന്ധത്തിലും
പടർന്നത് എന്റെ നിറമാണ്‌.
നനുത്ത രാത്രിയിൽ ഞാൻ
ജ്വലിച്ചു നിന്നത് നിനക്ക് വേണ്ടിയായിരുന്നു.
മങ്ങിപോയ ഗ്രഹണയാമങ്ങളിൽ 
സ്വപ്നം കണ്ടതും നിന്നെയായിരുന്നു.
ഓരോ രാത്രികളിലും
നിന്റെ മുഖം വാടാതെ 
നിന്നെ തലോടിയതും 
ഞാൻ തന്നെയാണ്.
തുലാവർഷ രാത്രികളിൽ
നീ കണ്ണീർ പൊഴിച്ചപ്പോൾ
നിന്നെ പുണർന്നാശ്വസിപ്പിക്കാൻ
വെന്പിയതും ഞാനാണ്.
മനസ്സിന്നു കലുഷമാണ്..!!
നിന്നോടിതുവരെ ചോദിച്ചിട്ടില്ലെങ്കിലും
എനിക്കിന്നു തിരികെ വേണം
നെഞ്ചിന്റെയുള്ളിൽ 
കാത്തു സൂക്ഷിക്കാൻ
നിന്റെ മൌനം പൂണ്ട പ്രണയം.


- 02.09.2015

P19-പ്രവാസം



പ്രവാസം പെട്ടികളുടെ കഥയാണ്.
കൊണ്ടു വന്നതും, കൊണ്ടുപോയതും 
കയറ്റിവിട്ടതും, കേറിവന്നതു-
മായ പെട്ടികളുടെ കഥ.
ഒടുവിൽ ഒരു പെട്ടിയിലാകുന്നതും 
പ്രവാസം തന്നെ...!!

- 20.08.2015

Thursday 23 July 2015

P18 - ഒളിച്ചോട്ടം



ഇന്നലെ രാത്രി
ഇരുളിന്റെ മറവിൽ 
മഴയുമായ് രമിച്ച പുഴ 
ഗർഭവതിയായി.
അപമാന ഭീതിയാൽ,  
ഇന്ന് രാവിലെ, 
പടിഞ്ഞാറുദിക്കിലേക് 
അവൾ ഒളിച്ചോടി പോയി.

24.07.2015

Tuesday 2 June 2015

P17- കാത്തിരിപ്പ്



അവഗണിച്ചു കൊണ്ട് 
പുഴ കടന്നു പോയിട്ടും 
കര കാത്തിരുന്നു.
ഇനിയും വരാനിരിക്കുന്ന
മഴക്കാലത്തിനു വേണ്ടി.
"അന്നെങ്കിലും അവൾ 
എന്നെ പുല്കുമല്ലോ".

-02.06.2015

Sunday 24 May 2015

P-16 പരിണാമം



ഡാർവിന്റെ സിദ്ധാന്തം 
തെറ്റാണെന്നാരു പറഞ്ഞു.??
പരിണാമങ്ങൾ ഇപ്പോൾ നടക്കുന്നില്ലെ-
ന്നായിരുന്നില്ലേ നിങ്ങളുടെ വാദം.
സിറിയയിലും, ലോകത്തിന്റെ
മറ്റെല്ലാ കോണിലും, മനുഷ്യൻ
രാക്ഷസനായി പരിണമിക്കുന്പോൾ, നിങ്ങൾക്കെങ്ങനെ പറയാൻ പറ്റും
ഡാർവിന്റെ പരിണാമസിദ്ധാന്തം
തെറ്റാണെന്ന്..!!!


-23.05.2015

Sunday 17 May 2015

P15- എന്റെ പ്രണയം



ഞെട്ടറ്റു വീണ്, മഴ നനഞ്ഞ് 
ചീഞ്ഞളിഞ്ഞ പൂ പോലെ 
ചില നേരങ്ങളിൽ ഓർമ്മകൾ.
കാതുകളിൽ കാത്തിരിപ്പിന്റെ 
കാഹളങ്ങളില്ല, നോവു പാട്ടിന്റെ 
ഈണങ്ങളും; ചുറ്റിലും 
മൌനം തളം കെട്ടിക്കിടക്കുന്ന 
കറ പിടിച്ച മരവിപ്പ്‌ മാത്രം.
വെളിച്ചം ചിത്രം വരച്ച ചുവരു-
കളിൽ നിഴലുകൾ മൂകമായ്
പതുങ്ങി നിന്നു.
കാലമാം മഴ പിന്നെയും പെയ്തു,
ചീഞ്ഞളിഞ്ഞൊരാ പൂവിന്റെ മാറിൽ;
പൂവ് മണ്ണിനോട് ചേർന്നില്ലയത്രേ!

- 16.05.201

Thursday 7 May 2015

P14- വഴിവിളക്കുകൾ



നഗരത്തിനു ചുറ്റും 
വഴിവിളക്കുകൾ, വെട്ടം 
കുറഞ്ഞു മിന്നി മിന്നി 
കത്തുന്നുണ്ട്.
ജീവിതത്തിലേതു പോലെ,
പ്രകാശം പരത്തുന്നവ
വിരലിലെണ്ണാവുന്നത് മാത്രം. 

-07.05.2015

Wednesday 6 May 2015

P13- ഒരു പ്രണയകഥ


മേഘം പുഴയുമായി
പ്രണയത്തിലാണ്.
സൂര്യന്റെ തീഷ്ണമായ നോട്ടത്തി-
ലുരുകുന്ന പുഴയെ നോക്കി,
കനം വച്ച കവിളുകളോടെ
അത് കരയാറുണ്ട്.
ദേഷ്യത്തോടെ, സൂര്യൻറെ 
കാഴ്ച്ച മറക്കാറുണ്ട്,
തനിക്കവകാശമുണ്ടെന്ന പോലെ.


- 03.05.2015

Thursday 30 April 2015

P-12 പ്രതീക്ഷകൾ



ഓരോ അസ്തമയങ്ങളും ,
ഓരോ ഉദയങ്ങളാണ്.
പ്രതീക്ഷകളും.

31.04.2015 

Wednesday 29 April 2015

P11- പിണക്കം


കാറ്റിനോട്‌ പിണങ്ങി 
ഒന്നു പൊട്ടികരയാൻ 
വിതുന്പി നിൽക്കുന്നുണ്ട് 
മുഖം കറുപ്പിച്ച്, ദു:ഖാ - 
ർത്തയായി, ഒരു മഴമേഘം.

- 29.04.2015

Tuesday 28 April 2015

P10 - വഞ്ചകൻ


കര, ഒരു വഞ്ചകനാ-
ണെന്നു തോന്നുന്നു...
ചുംബിക്കാനെത്തുന്ന തിരയെ 
കടൽ വലിച്ചു മാറ്റുന്നത് 
അതുകൊണ്ടാവാം.  

- 28.04.2015 

Wednesday 22 April 2015

P9 - ആത്മഹത്യ


വിണ്ണിനോട്‌ വിട്ടുപിരിഞ്ഞ 
വിഷമം കൊണ്ട് 
ഓരോ മഴത്തുള്ളിയും 
ഭൂമിയിൽ സ്വയം 
തലതല്ലി ചാകുന്നു.

- 23.04.2015

Tuesday 21 April 2015

P8 - ഒരു തോൽവിയുടെ കഥ


ഒരു സുഹൃത്ത് പറഞ്ഞു,
കാമുകിയുടെ കല്യാണത്തിന് പോയി
ഉപ്പ്‌ വിളന്പുന്നത് ഒരു സുഖമാണ്,
സെന്റിമെന്റ്സ് വർക്കൌട്ട് ആകുമത്രേ !
ഒന്നു പരീക്ഷിച്ചു കളയാം 
ഞാനും തീരുമാനിച്ചു.
തേങ്ങാക്കുല !
അവിടെയും കാറ്ററിംഗ് പിള്ളേർ 
അവളെന്നെ വീണ്ടും തോൽപ്പിച്ചു!

- 22.04.2015 

P7 - മഴനൂൽ


മഴയുടെ വെളുത്ത നൂലിൽ
കോർത്തിട്ടുണ്ട് 
ഇടതടവില്ലാതെ പെയ്തു -
തോരാൻ, നീ തന്ന -
വിതുന്പുന്ന ഓർമ്മകൾ 


- 21.04.2015

Monday 20 April 2015

P6 - മഴവില്ല്

കുന്നിന്റെ നെറുകയിൽ,
വിണ്ണിന്റെ  ഓരത്ത്,
സൂര്യന് മഴയിലുണ്ടായ
അവിഹിത ഗർഭം,
നിറങ്ങളുടെ രാജകുമാരി.

20.04.2015

Sunday 19 April 2015

P5 - വിരഹം

ഇന്നലെ പൂത്ത
നിശാഗന്ധികളുടെ സുഗന്ധം
ഹൃദയ ധമനികളിൽ
ഓർമ്മകളുടെ ലഹരി പകരവേ,
ഊർന്നു വീണ മഴക്കിന്നും
അവളുടെ വള കിലുക്കത്തിന്റെ 
താളവും,ശൃംഗാര ഭാവവും.

- 19.4.2015

P4 - തേയ്മാനം

പരസ്പരം തേഞ്ഞു തീരാനായ് 
കല്ലും കത്തിയും ഇടയ്കിടെ
പരിചയം പുതുക്കുന്നു.
എന്നെയും അവളെയും പോലെ.

- 19.04.2015

P3 - പുഷ്പാഞ്ജലി

ഇനി ഞാനിഹ എന്തു ചെയേണ്ടു 
മമ കാമിനി നീ ഉണർന്നുവല്ലോ!
ലോചനങ്ങളിലെൻ ചുംബനം വാങ്ങുവാൻ 
സഖി നീയെന്തേ കാത്തതില്ല!
മാരുതൻ വന്നു നിൻ മുടി -
തുന്പുലച്ചിടും മുൻപേ,
അരുണൻ വന്നു നിൻ മേനി -
പുണർന്നിടും മുൻപേ,
തൊടിയിലെ പനിനീരലർ നിന്നിൽ -
തൻ സുഗന്ദം തൂകും മുൻപേ,
രാവ് തീരും മുൻപേ,
പൌർണമി മായും മുൻപേ,
നിന്നിലെയോരോ ഇതളിലും,
മൃദുവായ് നൽകിടാം,
ഇനിയുള്ള കാലമത്രയും ഞാൻ എന്റെ 
ഹൃത്തിന്റെ പുണ്യമാം സ്നേഹപുഷ്പാഞ്ജലി.

P2 - ഇര

കൊന്നുതള്ളിയ എന്റെ പ്രണയമേ,
ഞാൻ ഇനിയും മരിച്ചിട്ടില്ല.
നിനക്ക് കൊത്തിപറിക്കാൻ 
ഒരൽപം ജീവൻ എന്നിലി-
നിയും ബാക്കിയുണ്ട്.

- 10.3.2015

Friday 17 April 2015

P1 - വേർപാട്

തിരയാടി തകർത്ത
കടൽ പോലെ
പ്രക്ഷുബ്ധമായിരുന്നു
ഞാനും എന്റെ മനസ്സും.
ഉള്ളിന്റെയുള്ളിലായ്
വീണ്ടുമൊരു മന്ത്രണം,
"കാത്തിരിക്കൂ, നിനക്കു-
വേണ്ടിയൊരു മഴയായ്,
ഞാനിനിയും പൊഴിയാം.."


- 17.04.2015